Recently

Story of Muhammad Nabi ﷺ (Part 08)



   “ആമിനാ.. എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ട്. നീ വിഷമിക്കരുത്, ദുഃഖിതയാകരുത്.” അബ്ദുല്ല സ്വരം താഴ്ത്തി ഭാര്യയോടു പറഞ്ഞു. ആമിനയ്ക്ക് അതിശയം തോന്നി. എന്താണിത്ര പ്രധാന കാര്യം.

“ഖാഫില പുറപ്പെടുകയാണ്. ഞാനും കൂടെ പോകുന്നു. ഞാൻ നിന്നോടു യാത്ര ചോദിക്കുകയാണ്."

ഞെട്ടിപ്പോയി. യാത്ര ചോദിക്കുകയോ..? വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കണ്ടു കൊതിതീർന്നില്ല.
അതിനിടയിൽ ഒരു യാത്ര. വെളുത്ത മുഖം ചുവന്നു. അവിടെ ദുഃഖം തളംകെട്ടി നിന്നു. മനോഹരമായ കണ്ണുകൾ നിറഞ്ഞു...

“ആമിനാ... ഇതു ശാമിലേക്കുള്ള യാത്രയാണ്. വിഷമിക്കാൻ മാത്രം കാര്യമില്ല. കച്ചവടം കഴിഞ്ഞാൽ ഞാനുടനെയിങ്ങത്തും. അതുവരെ സന്തോഷമായിരിക്കണം.”

ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. ഈ യാത്രപറച്ചിലും കാത്തിരിപ്പുമെല്ലാം അറബിപ്പെണ്ണുങ്ങൾക്കു പതിവാണല്ലോ. എങ്കിലും ഇത്ര പെട്ടെന്ന്..!

അബ്ദുല്ല എന്തൊക്കെയോ പറയുന്നു. വാക്കുകൾ വഴുതിപ്പോകുന്നു. പകുതിയും ചെവിയിൽ പതിയുന്നില്ല. തന്റെ സമ്മതം തേടി കാത്തിരിക്കുന്നു.

"പോയിവരൂ...!” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മുറിയിൽ നിന്നിറങ്ങി. ബാപ്പ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. കൂട്ടുകാർ കാത്തിരിക്കുന്നു. വേഗം നടന്നുപോയി.

ആ നടപ്പു നോക്കിനിന്നു ആമിന. നടന്നു നടന്നു കണ്ണിൽ നിന്ന് അകന്നുപോയി. ഒരു നെടുവീർപ്പ്. ഒരു തേങ്ങൽ.
ദുഃഖം സഹിക്കാതെ ആ പെൺകുട്ടി കരഞ്ഞുപോയി...

 ഖാഫില പുറപ്പെട്ടുവെന്നു പിന്നീടറിഞ്ഞു. ആരവം കേൾക്കാമായിരുന്നു. പൊടിപടലം അകന്നുപോകുന്നതും കണ്ടു. ഖാഫില പുറപ്പെടുന്നതും വരുന്നതുമെല്ലാം മക്കയിൽ വലിയ വാർത്തയാണല്ലോ. ഖാഫിലക്കാരുടെ ഇനിയുള്ള ദിനരാത്രങ്ങൾ മരുഭൂമിയുടെ മധ്യത്തിലാണ്. മരുഭൂമിയിലെ കൊടുംചൂടും
മണൽക്കാറ്റും സഹിച്ചു യാത്രചെയ്യണം.

 ദിവസങ്ങൾ കടന്നുപോയി. ആമിന എല്ലാ ദിവസവും ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കും. പുറപ്പെട്ടിട്ട് എത്ര ദിവസമായെന്നു കണക്കുകൂട്ടിനോക്കും.

തന്റെ പ്രയാസങ്ങൾ അബ്ദുൽ മുത്വലിബു മനസ്സിലാക്കുന്നുണ്ട്. ഇടക്ക് ആശ്വാസവചനങ്ങൾ ചൊരിയും. നല്ല മനുഷ്യൻ.

“ഇപ്പോൾ ഖാഫില ശാമിലെത്തിക്കാണും.” ഒരു ദിവസം അബ്ദുൽ മുത്വലിബ് പറഞ്ഞു.

 മക്കയിൽ നിന്നു പുറപ്പെട്ടാൽ
ശാമിലെത്താൻ എത്ര ദിവസം വേണമെന്ന് അദ്ദേഹത്തിനു കൃത്യമായറിയാം, ശാമിൽ എത്ര ദിവസം തങ്ങേണ്ടതായിവരുമെന്നും അറിയാം. അവിടെ നിന്നു തിരിച്ചാൽ എത്ര ദിവസം കൊണ്ടു മക്കയിൽ എത്തിച്ചേരുമെന്നും പറയാനാകും.

 അബ്ദുൽ മുത്വലിബിനും ദുഃഖമായിരുന്നു. ബലിയിൽ നിന്നു രക്ഷപ്പെട്ട മകനല്ലേ... മരിച്ച മകൻ തിരിച്ചുവന്നതുപേലെ. അവനെ പിരിഞ്ഞിരിക്കാൻ വയ്യ...

അബ്ദുൽ മുത്വലിബ് വൃദ്ധനാണ്. താടിരോമങ്ങൾ നരച്ച വെളുത്തിരിക്കുന്നു. ദുഃഖം വൃദ്ധമുഖത്തു നിഴലിക്കുന്നു. ആമിനയെ ആശ്വസിപ്പിക്കുന്നു. ദിവസങ്ങളുടെ കണക്കു പറയുന്നു. പിന്നെയും ദിനരാത്രങ്ങൾ കടന്നുപോയി.

 അബ്ദുൽ മുത്വലിബിന്റെ കണക്കനുസരിച്ചു ഖാഫില എത്തേണ്ട സമയമായി. പക്ഷേ, കാണുന്നില്ല..! ഒരു ദിവസം കൂടി കടന്നുപോയി. വെപ്രാളം കൂടി. മക്ക ഖാഫിലക്കാരെ കാത്തിരിക്കുന്നു. ആഹാര സാധനങ്ങൾ, വസ്ത്രം, വിളക്കിലൊഴിക്കാനുള്ള എണ്ണവരെ അവർ കൊണ്ടുവരണം...

 രണ്ടര മാസം പിന്നിട്ടിരിക്കുന്നു.
എന്തേ വരാത്തത്..? എവിടെയും ഉൽക്കണ്ഠ... മക്കയിലേക്കു നീണ്ടുവരുന്ന പാതയിലേക്കു കണ്ണും നട്ടിരിപ്പാണു പലരും. ചില യാത്രക്കാർ വരുന്നത് അവ്യക്തമായി കണ്ടു...

 ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ
അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...

 ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ
മൗനം ആശങ്ക പടർത്തി.

 “ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം.

 അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.

ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു:
chapter 9

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ