Recently

Story of Muhammad Nabi ﷺ (Part 31)


   സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വീട്ടിൽത്തന്നെ ഉള്ളവരാണ്.

 തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും
അവരെ കൂടുതൽ അടുപ്പിച്ചു.

 അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്.

 സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെ
യാണ്. അത്രയ്ക്കു സ്നേഹം.

 സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്.

 അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു.

 അല്ലാഹു തആല തന്നെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. തനിക്കു വഹ് യ് ഇറങ്ങുന്നു. അടുത്ത ബന്ധുക്കളെ ഇസ്ലാം മതത്തിലേക്കു ക്ഷണിക്കാൻ തന്നോടു കൽപിച്ചിരിക്കുന്നു.

 അറബികളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കണ്ടു മനംമടുത്ത ആളാണ് അബൂബക്കർ (റ). തന്റെ ജനതയെ
എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്നു ചിന്തിച്ചു കഴിയുകയായിരുന്നു. അപ്പോഴാണ് ഈ സന്തോഷവാർത്ത കേൾക്കുന്നത്...

 കേട്ടുകഴിഞ്ഞപ്പോൾ കോരിത്തരിപ്പ്.
ഹിറാഗുഹയിലെ സംഭവങ്ങൾ വിവരിച്ചു. വറഖത് ബ്നു നൗഫൽ പറഞ്ഞ കാര്യങ്ങളും പറഞ്ഞു. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കണമെന്നു പറഞ്ഞാൽ, ബഹുദൈവ വിശ്വാസികൾ എതിർക്കും. ആ എതിർപ്പിനെ നേരിടേണ്ടിവരും.
പിന്നെ അവർക്കിടയിൽ ജീവിക്കാൻ കഴിയാതെവരും. സ്വദേശം വിടേണ്ടതായി വരും. അതാണു വറഖ പറഞ്ഞതിന്റെ പൊരുൾ...

 “ഇസ്ലാം ദീനിൽ ആരൊക്കെ വിശ്വസിച്ചു.” കൂട്ടുകാരന് അതറിയണം.

 “എന്റെ പ്രിയപത്നി ഖദീജ”

 കൂട്ടുകാരൻ ഖദീജയെക്കുറിച്ചോർത്തു. സൽഗുണ സമ്പന്നയാണവർ. ധനികയായ വിധവ. പാവങ്ങളെ സഹായിക്കും. അഗതികളെ സ്നേഹിക്കും. തന്റെ കൂട്ടുകാരൻ ഇരുപത്തഞ്ചാമത്തെ
വയസ്സിൽ അവരെ വിവാഹം ചെയ്തു. താനവരുടെ വീട്ടിൽ കൂടെക്കൂടെ പോകാറുണ്ട്...

 അലി എന്ന കുട്ടിയാണു മറ്റൊരു വിശ്വാസി. തന്റെ കൂട്ടുകാരന്റെ പോറ്റുമ്മയാണ് ഉമ്മുഅയ്മൻ. സ്വന്തം മകനായിക്കരുതി വളർത്തിയതാണ്. ഉമ്മ മരിക്കുമ്പോൾ ഉമ്മു അയ്മന്റെ കയ്യിൽ ഏൽപിച്ചതാണല്ലോ...

 വളർത്തുപുത്രൻ സയ്ദും ഇസ്ലാം മതം വിശ്വസിച്ചിട്ടുണ്ട്. അൽഅമീന് ഇനി ഏറ്റവും ബന്ധപ്പെട്ടതു താനും തന്റെ കുടുംബവുമാണ്. ഇസ്ലാം മതം സ്വീകരിക്കാൻ തന്റെ കുടുംബാംഗങ്ങൾ ഇനിയൊട്ടും വൈകിക്കൂടാ. ഉടനെത്തന്നെ അബൂബക്കർ (റ) ഇസ്ലാം വിശ്വസിച്ചു...

 അടുത്തൊരു ദിവസം നബിﷺതങ്ങൾ അബൂബക്കർ(റ)വിന്റെ വീട്ടിൽ വന്നു. അന്ന് ഉമ്മുൽ ഖയ്ർ എന്ന വനിതയോടു സംസാരിച്ചു.

 “അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മാ...”

 ഉമ്മുൽഖയ്റിന് അൽഅമീനെ വലിയ വിശ്വാസമാണ്. ഒരു കാര്യം പറഞ്ഞാൽ അതു സത്യമായിരിക്കും. ഇക്കാര്യവും സത്യം തന്നെ.

 “അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”

 സ്നേഹസമ്പന്നയായ ഉമ്മുറുമാൻ. അബൂബക്കർ(റ)വിന്റെ ഭാര്യയാകാൻ കഴിഞ്ഞതു വളരെ വലിയ സൗഭാഗ്യമായി അവർ കരുതുന്നു. ഉദാരമതിയും ദയാലുവുമാണ് തന്റെ ഭർത്താവ്. അദ്ദേഹത്തിന്റെ മക്കളെ പ്രസവിക്കാൻ കഴിഞ്ഞതു തന്റെ മഹാഭാഗ്യം. അദ്ദേഹത്തിന്റെ കൂട്ടുകാരൻ ഏറ്റവും നല്ല മനുഷ്യനാണ്. ജീവിതത്തിൽ ഒരു കള്ളംപോലും പറയാത്ത മാന്യനായ
കൂട്ടുകാരൻ...

 “അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കൂ... ഉമ്മുറുമാൻ.'' - ഭർത്താവ് സ്നേഹപൂർവം ഉപദേശിക്കുന്നു.

 ഭർത്താവിന്റെ കാൽപാദങ്ങളെ താനും പിൻതുടരും. അതിൽ ഒരു സംശയവും വേണ്ട. ഉമ്മുറുമാൻ ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. അതു പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു പ്രകാശം. മാതാപിതാക്കൾക്കു പിറകെ പ്രിയ പുത്രി അസ്മാഉം വിശ്വാസികളുടെ കൂടെ ചേർന്നു...

 അബൂബക്കർ(റ)വിന്റെ മുഖത്തു വല്ലാത്ത സംതൃപ്തി. തന്റെ മാതാവും ഭാര്യയും പുത്രിയും ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇതൊരു മഹാഭാഗ്യം തന്നെ. പ്രവാചകന്റെ (ﷺ) ആദ്യ സഹായികളാകാൻ കഴിയുന്നതാണല്ലോ മഹാഭാഗ്യം...

 കൂട്ടുകാർ അസ്മാഅ് ബീവിയെ മറന്നുകളയരുത്. പ്രസിദ്ധനായ സുബയ്ർ(റ)ആണ് അസ്മാഅ് ബീവി(റ)യെ വിവാഹം കഴിച്ചത്. പിൽക്കാലത്ത് അവർക്കു വളരെയധികം കഷ്ടപ്പാടുകൾ സഹിക്കേണ്ടതായിവന്നു. ഹിജ്റ പോകുമ്പോൾ അവർ ഗർഭിണിയായിരുന്നു.

 ഹിജ്റക്കുശേഷം അസ്മാഅ് ബീവി(റ) ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഹിജ്റക്കു ശേഷം മുസ്ലിംകൾക്കിടയിൽ നടന്ന ആദ്യത്തെ പ്രസവം. ആ കുട്ടി വളർന്നുവന്നു. ആ കുട്ടി ഇസ്ലാമിക ചരിത്രത്തിനു മറക്കാനാവാത്ത മഹാപുരുഷനായിത്തീർന്നു.

 ആരാണ് ആ മഹാപുരുഷൻ എന്നായിരിക്കും കൂട്ടുകാർ ചിന്തിക്കുന്നത്, പറയാം... അബ്ദുല്ലാഹിബ്നു സുബയ്ർ(റ).
chapter 32

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ