Recently

Story of Muhammad Nabi ﷺ (Part 02)



   അറേബ്യയിലെ ഗോത്രക്കാരെല്ലാം ഹാശിമിനോടു സഹകരിക്കുന്നു. അദ്ദേഹത്തിന്റെ ഖാഫില സുരക്ഷിതമായി സഞ്ചരിക്കുന്നു.

 ഹാശിം തന്റെ ഖാഫിലയുമായി ശാമിലേക്കു പുറപ്പെട്ടു. ദീർഘയാത്ര. യാത്രക്കിടയിൽ മരുപ്പച്ചകളിൽ വിശ്രമിച്ചു. എന്താണു മരുപ്പച്ച..? മരുഭൂമിയിലെ ആൾപാർപ്പുള്ള പ്രദേശം. അവിടെ ഈത്തപ്പന മരങ്ങൾ കാണും. കിണറും വെള്ളവും ഉണ്ടാകും. സസ്യങ്ങളും പുല്ലുകളും മുളയ്ക്കും...

 ഖാഫിലക്കാർ മരുപ്പച്ചയിൽ വിശ്രമിക്കും. തോൽപാത്രങ്ങളിൽ വെള്ളം ശേഖരിക്കും. ഒട്ടകങ്ങൾക്കു വെള്ളവും ഭക്ഷണവും നൽകും. ക്ഷീണം മാറ്റി യാത്ര തുടരും...

 ഒരു മരപ്പച്ച വിട്ടാൽ മറ്റൊരു മരുപ്പച്ചയിലെത്താൻ ദിവസങ്ങൾ യാത്ര ചെയ്യേണ്ടതായിവരും. ദീർഘ യാത്രയ്ക്ക് ശേഷം ഹാശിമും സംഘവും ശാമിലെത്തി. അവിടത്തെ ചന്തയിൽ കച്ചവട സാധനങ്ങൾ നിരത്തിവച്ചു. പല നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്.
വില പറയൽ, വിലപേശൽ, വില ഉറപ്പിക്കൽ... കച്ചവടം വളരെ സജീവം...

 കൊണ്ടുവന്ന വസ്തുക്കളൊക്കെ വിറ്റുതീർന്നു. മക്കയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. മടക്കയാത്രയും തുടങ്ങി. മക്കയിലേക്കുള്ള യാത്രയിൽ അവർ യസ് രിബിലെത്തി

 കൂട്ടുകാരേ.., നിങ്ങൾ യസ് രിബ് എന്നു കേട്ടിട്ടുണ്ടോ..? ചിലപ്പോൾ കേട്ടുകാണില്ല. മക്ക, മദീന എന്നൊക്കെ കേട്ടിരിക്കും. മദീനയുടെ പഴയപേരാണു യസ് രിബ്...

 ഹാശിമും സംഘവും കുറച്ചു ദിവസം അവിടെ വിശ്രമിക്കാമെന്നു കരുതി. ഒഴിവു സമയത്ത് യസ് രിബിലെ മാർക്കറ്റിൽ അവർ ചുറ്റിനടന്നു.

 കച്ചവടം പൊടിപൊടിക്കുന്നു. അവർ ഒരു സ്ത്രീയെ കണ്ടു. മിടുമിടുക്കിയായ കച്ചവടക്കാരി. കച്ചവടത്തിലുള്ള അവളുടെ മിടുക്ക് ഹാശിമിന് ഇഷ്ടപ്പെട്ടു. അവളെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമായി...

 യസ് രിബിലെ പ്രധാനപ്പെട്ട കുടുംബമാണു ബനുന്നജ്ജാർ. ഈ യുവതി ബനുന്നജ്ജാർ കുടുംബത്തിലെ അംഗമാണ്. കാണാൻ നല്ല ഭംഗി. പേര് സൽമ.

 സൽമയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു ഹാശിമിനു മോഹം. മനസ്സിലെ മോഹം കൂട്ടുകാരറിഞ്ഞു. അവർ സൽമയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പ്രസിദ്ധനും ധനികനും ഭരണാധികാരിയുമായ ഹാശിം
സൽമയെ വിവാഹാലോചന നടത്തുകയോ..? എന്തൊരതിശയം..!

 ബനുന്നജ്ജാർ കുടുംബത്തിന് ഇതിൽപരം ഒരു പദവി ലഭിക്കാനുണ്ടോ..? അവർ വിവാഹത്തിനു സമ്മതിച്ചു. സൽമയുടെ ഖൽബു നിറയെ സന്തോഷം. മക്കയിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവർക്കും സന്തോഷം. കച്ചവട സംഘം കടന്നുപോകുന്ന വഴിയിലാണല്ലോ യസ് രിബ്.
അവിടെ ഒരു ബന്ധം ഉണ്ടാകുന്നതു നല്ലതാണ്. വിവാഹം കേമമായി നടന്നു...

 ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ