Recently

Story of Muhammad Nabi ﷺ (Part 12)


                          * തിരുപ്പിറവി *


   ആമുൽഫീൽ ഒന്നാം വർഷം നബിﷺതങ്ങൾ ജനിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച പ്രഭാതസമയത്ത്. ക്രിസ്തുവർഷം 571 ഏപ്രിൽ 17. എത്രവർഷമായെന്നു കൂട്ടുകാർ
കണക്കുകൂട്ടി നോക്കുക...

 അതൊരു സാധാരണ പ്രസവം ആയിരുന്നില്ല. ധാരാളം അത്ഭുതങ്ങൾ ആ സമയത്തു സംഭവിക്കുകയുണ്ടായി. ചുറ്റും കൂടിയ പെണ്ണുങ്ങൾ കുഞ്ഞിനെ കണ്ട് അതിശയപ്പെട്ടുപോയി..!!

 കുഞ്ഞിന്റെ ചേലാകർമം ചെയ്യപ്പെട്ടിരിക്കുന്നു..!
കണ്ണിൽ സുറുമ എഴുതിയിട്ടുണ്ട്..!
ശരീരത്തിൽ എണ്ണ പുരട്ടിയിരിക്കുന്നു..!
കൈ രണ്ടും നിലത്തുകുത്തി തലയുയർത്തിപ്പിടിച്ചാണു കിടപ്പ്. ഇതൊരു അത്ഭുത ശിശുവാണ്...

 ഇങ്ങനെ ഒരു കുട്ടി പ്രസവിക്കപ്പെടുമെന്നു തന്റെ ജനതയോട് ആദംനബി (അ) പറഞ്ഞിട്ടുണ്ട്. പിന്നീടുവന്ന പ്രവാചകന്മാർക്കെല്ലാം ഈ കുട്ടിയുടെ വരവിനെക്കുറിച്ചറിയാമായിരുന്നു. എല്ലാ വേദഗ്രന്ഥങ്ങളിലും ഈ
കുട്ടിയുടെ ആഗമനം അറിയിച്ചിട്ടുണ്ട്...

 കുട്ടി പിറക്കുന്നതിനുമുമ്പു പിതാവു മരണപ്പെട്ടിരിക്കുമെന്നു വേദം പഠിച്ച പണ്ഡിതന്മാർക്കറിയാമായിരുന്നു.
എന്തൊരഴക്..! എന്തൊരു പ്രകാശം..!

 പ്രസവവിവരം അറിഞ്ഞ് അബ്ദുൽ മുത്വലിബ് ഓടിയെത്തി. കുഞ്ഞിനെക്കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം. കുട്ടിയെ കോരിയെടുത്തു. കഅ്ബാലയത്തിലേക്കോടി. അവിടെയുണ്ടായിരുന്നവർ കുട്ടിയെ കണ്ടു. അവരും സന്തോഷത്തിൽ പങ്കുകൊണ്ടു...

 ഏഴാം ദിവസം "അഖീഖ" അറുത്തു. അന്നു വീടുനിറയെ ആളുകളായിരുന്നു. ബന്ധുക്കളൊക്കെ വന്നു. ഖുറയ്ശി നേതാക്കന്മാരെല്ലാം വന്നു. അവർക്കെല്ലാം വിഭവങ്ങൾ നിറഞ്ഞ സദ്യ. മുഹമ്മദ് എന്നു പേരിട്ടു...

 അബ്ദുൽ മുത്വലിബിനു ധാരാളം മക്കളുണ്ടായിരുന്നുവല്ലോ. അവരിൽ പ്രസിദ്ധരായവർ ഹാരിസ്, അബൂത്വാലിബ്, അബ്ബാസ്, ഹംസ എന്നിവരാകുന്നു. മറ്റൊരു മകൻ അബൂലഹബ്...

 സുവയ്ബതുൽ അസ്ലമിയ്യ എന്ന അടിമസ്ത്രീ അബൂലഹബിന്റെ സമീപം ഓടിയെത്തി. വർധിച്ച സന്തോഷത്തോടെ അവൾ വിളിച്ചുപറഞ്ഞു:

“യജമാനൻ അറിഞ്ഞോ... പ്രസവിച്ചു. അങ്ങയുടെ മരിച്ചു പോയ സഹോദരന്റെ ഭാര്യ പ്രസവിച്ചു. അങ്ങയുടെ മരിച്ചുപോയ
സഹോദരന്റെ ഭാര്യ പ്രസവിച്ചു. ആൺകുട്ടി...”

“ങേ... നേരാണോ നീ പറഞ്ഞത്..?”

“ഞാൻ കുഞ്ഞിനെ കണ്ടിട്ടല്ലേ വരുന്നത്. എനിക്കു സന്തോഷം അടക്കാനാവുന്നില്ല. ആഹ്ലാദം കൊണ്ടു ഞാൻ തുള്ളിച്ചാടിവരികയായിരുന്നു. യജമാനനോട് ഇക്കാര്യം പറയാൻ...”

 അബൂലഹബ് സന്തോഷംകൊണ്ടു മതിമറന്നുപോയി...

 “സുവയ്ബതേ... ഈ സന്തോഷവാർത്ത അറിയിച്ചതിന്റെ പേരിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കിയിരിക്കുന്നു."

 സുവയ്ബതിന്റെ സന്തോഷത്തിനതിരില്ല. ഈ കുഞ്ഞു കാരണമാണല്ലോ താൻ അടിമത്തത്തിൽ നിന്നു മോചിതയായത്. കുഞ്ഞിനോടുള്ള സ്നേഹം വർധിച്ചു...

 അബ്ദുല്ലയുടെ വിയോഗം മക്കാനിവാസികളുടെ ദുഃഖമായി. അബ്ദുൽ മുത്വലിബിന്റെ ദുഃഖം അവരെ വേദനിപ്പിച്ചു. ഇപ്പോൾ തങ്ങളുടെ നേതാവിന്റെ മനസ്സുനിറയെ ആഹ്ലാദമാണ്. ആ നടപ്പിലും ഇരിപ്പിലും സംസാരത്തിലും സന്തോഷം അലതല്ലുന്നു. പലർക്കും സമ്മാനങ്ങൾ നൽകി. സദ്യ തന്നെ എത്ര കെങ്കേമം...

 അബ്ദുൽ മുത്വലിബിന്റെ മക്കൾക്കെല്ലാം വലിയ ആഹ്ലാദം.
അബൂത്വാലിബിനാണു കൂടുതൽ സന്തോഷം. സഹോദരപുത്രനെ അവർ ലാളിച്ചു. സ്നേഹിച്ചു, പരിചരിച്ചു...

 അന്ത്യപ്രവാചകൻ ഭൂജാതനായിരിക്കുന്നു. അന്ത്യപ്രവാചകനെ പ്രസവിച്ച മാതാവിനെ നാം ആദരിക്കണം. അവരുടെ പേരു കേൾക്കുമ്പോൾ "റളിയല്ലാഹു അൻഹാ' എന്നു പറയണം.

 തന്റെ പൊന്നോമനയെ മാതാവ് ഓമനിച്ചു. മുലകൊടുത്തു, കുഞ്ഞു പാൽകുടിച്ചു, മുഖത്തു സന്തോഷം. മാതാവിന്റെ ഖൽബ് കുളിരണിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ