Recently
Story of Muhammad Nabi ﷺ (Part 17)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
നാലു വർഷങ്ങൾ പിന്നിട്ടു. അന്ന്, അബ്ദുല്ല (റ)വിന്റെയും ആമിന(റ)യുടെയും പൊന്നോമന പുത്രനു വയസ്സ് പന്ത്രണ്ട്. ശാമിലേക്കു ഖാഫില പുറപ്പെടാൻ സമയമായി. കൊല്ലത്തിലൊരിക്കൽ അബൂത്വാലിബും ഖാഫിലയോടൊപ്പം പോകും...
“ഞാനും കൂടിവരാം”- കുട്ടിയുടെ ആവശ്യം.
“പൊന്നുമോനേ... മോനെക്കൊണ്ട് അത്രയും ദൂരം സഞ്ചരിക്കാനാവില്ല. വളരെ പ്രയാസമാണ്. മോൻ ഇവിടെ ഇരുന്നാൽ മതി.” അബൂത്വാലിബ് കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കി...
"അതൊന്നും സാരമില്ല. ഞാനും വരാം” കുട്ടി നിർബന്ധം പിടിച്ചു.
അബൂത്വാലിബ് വല്ലാതെ വിഷമിച്ചു. കുട്ടിയെ കൂടെ കൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയിലെ ദീർഘയാത്രയാണ്. കൊണ്ടുപോകാതിരുന്നാൽ കുട്ടിയുടെ മനസ്സു വേദനിക്കും. എന്തുവേണം. കുട്ടിയെ വേദനിപ്പിച്ചുകൂടാ...
“മോനെയും കൂടി കൊണ്ടുപോകാം.” കുട്ടിക്കു സന്തോഷം.
ഖാഫില പുറപ്പെട്ടു. അബൂത്വാലിബ് തന്റെ അരികിൽത്തന്നെ കുട്ടിയെ ഇരുത്തി. ഈ യാത്രയും കുട്ടിക്കു വളരെ പ്രയോജനപ്പെട്ടു. ഓരോ സ്ഥലത്തെത്തുമ്പോഴും അബൂത്വാലിബ് ആ സ്ഥലത്തെക്കുറിച്ചു കുട്ടിക്കു വിവരിച്ചുകൊടുക്കും. കേട്ടതെല്ലാം ഓർമയിൽ വെക്കും.
സന്തോഷകരമായ യാത്ര. യാത്രക്കാർ ബുസ്റാ എന്ന സ്ഥലത്ത് എത്തി. അവർ അവിടെ അൽപനേരം വിശ്രമിച്ചു. ഒരു ക്രിസ്തീയ പുരോഹിതൻ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബുഹയ്റ.
പൂർവവേദങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതനാണു ബുഹയ്റ. അതിലെ സൂചനകൾ വെച്ചുനോക്കിയാൽ ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ആ പ്രവാചകന്റെ ലക്ഷണങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങൾ ഈ കുട്ടിയിൽ
കാണുന്നുണ്ട്. ബുഹയ്റ അബൂത്വാലിബിന്റെ മുമ്പിലെത്തി.
എന്നിട്ടൊരു ചോദ്യം:
“ഈ കുട്ടി ഏതാണ്..?”
“എന്റെ മകൻ”- അബൂത്വാലിബ് പറഞ്ഞു.
“നിങ്ങളുടെ സ്വന്തം മകനാണോ..?”- ബുഹയ്റ ചോദിച്ചു. അബൂത്വാലിബ് എന്തോ ആലോചിക്കുന്നു.
“നിങ്ങളുടെ മകനാകാൻ വഴിയില്ല. പറയൂ, ഈ കുട്ടിയുടെ പിതാവ് ആരാണ്?”- ബുഹയ്റ തറപ്പിച്ചു ചോദിച്ചു.
“എന്റെ സഹോദര പുത്രനാണ്”- അബൂത്വാലിബ് പറഞ്ഞു.
“നിങ്ങളുടെ സഹോദരനെവിടെ..?”
“മരിച്ചുപോയി”
“എപ്പോൾ..?”
“ഈ കുട്ടി പ്രസവിക്കുന്നതിനു മുമ്പ്”
“എങ്കിൽ ഈ കുട്ടി അതുതന്നെ.”
“ങേ... എന്താ... എന്താ പറഞ്ഞത്..?”
"ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ഈ കുട്ടിയിൽ പ്രവാചക ലക്ഷണങ്ങൾ കാണുന്നുണ്ട്. നിങ്ങൾ സൂക്ഷിക്കണം. ജൂതന്മാർ ഈ കുട്ടിയെ കാണാൻ ഇടവന്നാൽ ഉപദ്രവിക്കും. ഉടനെ തിരിച്ചുപോകണം. ശത്രുക്കൾ കാണാൻ ഇടവരരുത്...”
അബൂത്വാലിബ് ഭയന്നുപോയി. പിന്നീടെല്ലാം ധൃതിപിടിച്ചായിരുന്നു. ശാമിലെത്തി. കച്ചവടകേന്ദ്രങ്ങൾ ഉണർന്നു. വ്യാപാര കാര്യങ്ങൾ പെട്ടെന്നവസാനിപ്പിച്ചു വേഗം മടങ്ങി.
കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ഉൽക്കണ്ഠയായി. ജൂതന്മാർ കാണാതെ നോക്കണം. അവർ കുട്ടിയെ തിരിച്ചറിയും. പൊന്നുമോനെയും കൊണ്ടു മക്കയിൽ തിരിച്ചെത്തിയിട്ടേ ആശ്വാസമായുള്ളൂ. ഇനി ദൂരയാത്രയ്ക്കൊന്നും അയയ്ക്കരുത്
എന്നു തീരുമാനിക്കുകയും ചെയ്തു.
കുട്ടി ഇടയ്ക്കൊക്കെ വീട്ടിലെ കുട്ടികളോടൊപ്പം ആടിനെ മേയ്ക്കാൻ പോകുമായിരുന്നു. ഉന്നത കുടുംബത്തിലെ കുട്ടികളും മേച്ചിൽ സ്ഥലത്തുണ്ടാകും. മക്കക്കാർക്കൊക്കെ അബ്ദുല്ലയുടെ പുത്രനോടു വലിയ സ്നേഹമാണ്. ഒരു ബഹളത്തിനും പോകില്ല. ആളുകളെ സഹായിക്കും. സത്യം മാത്രമേ പറയുകയുള്ളൂ. മക്കക്കാർ കുട്ടിയെ "അൽ അമീൻ” എന്നുവിളിച്ചു...
അൽഅമീൻ എന്നു പറഞ്ഞാൽ എന്താ അർത്ഥം..? വിശ്വസ്തൻ എന്നുതന്നെ. വാക്കു പറഞ്ഞാൽ വിശ്വസിക്കാം. കള്ളം പറയില്ല...
മക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. അവർ ഇടയ്ക്കിടെ ബഹളം വയ്ക്കും. നിസ്സാര കാരണം മതി, അടിപിടികൂടും. എല്ലാവർക്കും പ്രതികാര ചിന്തയാണ്. അതില്ലാത്തവർ കുറവാണ്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടു പറയും. ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടുമടിക്കും. ഗോത്രങ്ങൾക്കിടയിൽ പ്രതികാര ചിന്ത വളരെ ശക്തമായിരുന്നു..
chapter 18
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്
- മറ്റ് ആപ്പുകൾ
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
Story of Muhammad Nabi ﷺ (Part 31)
സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വീട്ടിൽത്തന്നെ ഉള്ളവരാണ്. തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും അവരെ കൂടുതൽ അടുപ്പിച്ചു. അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്. സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെ യാണ്. അത്രയ്ക്കു സ്നേഹം. സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്. അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു. അല്ലാഹു തആല തന്നെ പ്രവാചകനായ
Story of Muhammad Nabi ﷺ (Part 08)
“ആമിനാ.. എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ട്. നീ വിഷമിക്കരുത്, ദുഃഖിതയാകരുത്.” അബ്ദുല്ല സ്വരം താഴ്ത്തി ഭാര്യയോടു പറഞ്ഞു. ആമിനയ്ക്ക് അതിശയം തോന്നി. എന്താണിത്ര പ്രധാന കാര്യം. “ഖാഫില പുറപ്പെടുകയാണ്. ഞാനും കൂടെ പോകുന്നു. ഞാൻ നിന്നോടു യാത്ര ചോദിക്കുകയാണ്." ഞെട്ടിപ്പോയി. യാത്ര ചോദിക്കുകയോ..? വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കണ്ടു കൊതിതീർന്നില്ല. അതിനിടയിൽ ഒരു യാത്ര. വെളുത്ത മുഖം ചുവന്നു. അവിടെ ദുഃഖം തളംകെട്ടി നിന്നു. മനോഹരമായ കണ്ണുകൾ നിറഞ്ഞു... “ആമിനാ... ഇതു ശാമിലേക്കുള്ള യാത്രയാണ്. വിഷമിക്കാൻ മാത്രം കാര്യമില്ല. കച്ചവടം കഴിഞ്ഞാൽ ഞാനുടനെയിങ്ങത്തും. അതുവരെ സന്തോഷമായിരിക്കണം.” ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. ഈ യാത്രപറച്ചിലും കാത്തിരിപ്പുമെല്ലാം അറബിപ്പെണ്ണുങ്ങൾക്കു പതിവാണല്ലോ. എങ്കിലും ഇത്ര പെട്ടെന്ന്..! അബ്ദുല്ല എന്തൊക്കെയോ പറയുന്നു. വാക്കുകൾ വഴുതിപ്പോകുന്നു. പകുതിയും ചെവിയിൽ പതിയുന്നില്ല. തന്റെ സമ്മതം തേടി കാത്തിരിക്കുന്നു. "പോയിവരൂ...!” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മുറിയിൽ നിന്നിറങ്ങി. ബാപ്പ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. കൂട
Story of Muhammad Nabi ﷺ
**【മുഖവുര】** നമ്മുടെമക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും... മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം. നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്... അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്
അഭിപ്രായങ്ങള്‍