Recently

Story of Muhammad Nabi ﷺ (Part 32)


   ആദ്യത്തെ മൂന്നു കൊല്ലക്കാലം വളരെ രഹസ്യമായിട്ടായിരുന്നു ഇസ്ലാം മതപ്രബോധനം നടത്തിയത്. മക്കക്കാരുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെറുത്തിരുന്ന കുറേ ബുദ്ധിജീവികൾ അന്നു മക്കയിലുണ്ടായിരുന്നു. അവർ
ഓരോരുത്തരായി ഇസ്ലാമിലേക്കു വന്നു.

 ഇസ്ലാം വളരെ മഹത്തായ സന്ദേശമാണെന്ന് അവർക്കു ബോധ്യമായി. അല്ലാഹുﷻവിന്റെ ദീൻ. അതിന്റെ പ്രചാരണത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. അവരിൽ പ്രമുഖനാണ് ഉസ്മാൻ(റ).

 കോമളനായ യുവാവ്. ധനികൻ. മികച്ച കച്ചവടക്കാരൻ. ഉന്നത കുലത്തിൽ ജനിച്ച വ്യക്തി. അബൂബക്കർ(റ)വിന്റെ കൂട്ടുകാരൻ.
ദീർഘമായൊരു കച്ചവട യാത്ര കഴിഞ്ഞു മക്കയിൽ മടങ്ങിയെത്തിയിരിക്കുകയാണ് ഉസ്മാൻ(റ).

 അൽപനേരത്തെ വിശ്രമത്തിനു ശേഷം കൂട്ടുകാരനെ കാണാൻ പോയി. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു.

“ഒടുവിൽ സത്യം നമ്മെത്തേടി എത്തിയിരിക്കുന്നു.” അബൂബക്കർ(റ) കൂട്ടുകാരനോടു പറഞ്ഞു..."

“സത്യം നമ്മെത്തേടി എത്തിയെന്നോ, എന്തായിത്..? വിശദമായിപ്പറയൂ.”

 “അല്ലാഹു ﷻ അന്ത്യപ്രവാചകനെ നമ്മിലേക്കയച്ചിരിക്കുന്നു. നാം പ്രവാചകന്റെ പ്രഥമ സഹായികളായിത്തീരണം.” തുടർന്ന് അബൂബക്കർ(റ) വഹ്യിന്റെ കഥ വിവരിച്ചു.

 ഉസ്മാൻ(റ) തരിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സന്ദേശത്തിനു വേണ്ടിയാണല്ലോ ഇത്രയുംനാൾ കാത്തിരുന്നത്...

 അല്ലാഹുﷻവിന്റെ മാർഗം. രക്ഷയുടെ തീരം. പ്രകാശം പരന്നപാത. മനസ്സു കോരിത്തരിക്കുന്നു. എല്ലാ അനാചാരങ്ങളും അവസാനിപ്പിക്കണം. അന്ധവിശ്വാസങ്ങൾ തൂത്തെറിയണം.

 “നമുക്കു പ്രവാചകനെ സമീപിക്കാം. സത്യസാക്ഷ്യം വഹിക്കാം. എന്തു പറയുന്നു.” അബൂബക്കർ(റ) ചോദിച്ചു.

“തീർച്ചയായും. ഇനിയൊട്ടും വൈകിക്കൂടാ..”

അവർ പ്രവാചക സന്നിധിയിലെത്തി.
ഉസ്മാൻ (റ) സന്തോഷത്തോടെ കലിമ ചൊല്ലി. “അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”

 എല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ അർപ്പിക്കാനുള്ള ത്യാഗ ബോധത്തോടെ ഉസ്മാൻ (റ) ഇസ്ലാംമതം സ്വീകരിച്ചു.

 മക്കയിലെ പേരെടുത്ത കച്ചവടക്കാരനാണ് അബുൽ കഅ്ബ് ബ്നു ഔഫ്(റ). ധനികനുമാണ്. മക്കക്കാരുടെ ദുഷിച്ച ആചാരങ്ങളോടു വെറുപ്പാണ്. ഒരു നല്ല ജീവിതരീതി കാണാനാഗ്രഹിച്ചു നടക്കുന്നു. അപ്പോഴാണ് ഇസ്ലാമിന്റെ വിളി കേട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല. പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു. ശഹാദത്ത് കലിമ ചൊല്ലി. ഇസ്ലാം മതത്തിൽ പ്രവേശിച്ചു...

 ആദ്യത്തെ പേര് നബി ﷺ മാറ്റി അബ്ദുറഹ്മാൻ എന്നാക്കി. അബ്ദുർറഹ്മാന് ബ്നു ഔഫ്...
 ഇങ്ങനെ പലരും ഇസ്ലാം മതത്തിൽ ചേർന്നു...

 അർഖമിന്റെ വീട്ടിൽ വെച്ചാണ് ആദ്യഘട്ടത്തിൽ സഹാബികൾക്ക് ഇസ്ലാംമത തത്വങ്ങൾ പഠിപ്പിച്ചുകൊടുത്തത്. മൂന്നു വർഷങ്ങൾ അങ്ങനെ കടന്നുപോയി.

 ഇസ്ലാംമതത്തിലേക്കു പരസ്യമായി ആളുകളെ ക്ഷണിക്കാനുള്ള കൽപന വന്നു. അടുത്ത ബന്ധുക്കളെ ക്ഷണിക്കുക. അടുത്ത ബന്ധുക്കളെ ഇസ്ലാമിലേക്കു ക്ഷണിക്കുന്നതെങ്ങനെ..?

 വീട്ടിൽ വിരുന്നിനു ക്ഷണിക്കാം. അപ്പോൾ എല്ലാവരും വരും. ആ സമയത്ത് അവരോടു കാര്യം പറയാം. ബന്ധുക്കളെയെല്ലാം വിരുന്നിനു ക്ഷണിച്ചു. സദ്യയുണ്ടാക്കി കാത്തിരുന്നു. സമയമായപ്പോൾ എല്ലാവരും വന്നു...

 കുടുംബക്കാരെല്ലാം പങ്കെടുത്ത സദസ്സ്. അബൂത്വാലിബും സഹോദരന്മാരും അവരുടെ സന്താനങ്ങളും വന്നിട്ടുണ്ട്. അവരോടു സത്യദീനിനെക്കുറിച്ചു സംസാരിക്കാം.

“എന്റെ പ്രിയപ്പെട്ടവരേ... കുടുംബക്കാരേ.... എനിക്കു നിങ്ങളോടു പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. സൃഷ്ടാവായ അല്ലാഹു ﷻ കൽപിച്ചതനുസരിച്ചാണു ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു നിങ്ങളെ ക്ഷണിക്കാൻ അവനെന്നോടു കൽപിച്ചിരിക്കുന്നു. അല്ലാഹു ﷻ ഏകനാണെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുവീൻ...''

 ആളുകൾ പരസ്പരം നോക്കി. അതിനിടയിൽ തടിയനായ അബൂലഹബ് ചാടിയെഴുന്നേറ്റു. “നാശം... ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്. എന്താ നിങ്ങളൊക്കെ ഇവിടെത്തന്നെയിരിക്കുകയാണോ..? ഇറങ്ങിപ്പോകൂ...! ”

 സദസ്സിലുളളവർ എഴുന്നേറ്റു. ഓരോരുത്തരായി എല്ലാവരും ഇറങ്ങിപ്പോയി.
chapter 33

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ