Recently

Story of Muhammad Nabi ﷺ (Part 35)


   ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്.

 പലരും ഇസ്ലാംമതത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു.
ചേർന്നവരാരും മടങ്ങുന്നില്ല. മർദനങ്ങൾകൊണ്ടു പ്രയോജനം കാണുന്നില്ല. അബൂത്വാലിബിന്റെ മേൽ സമ്മർദം ചെലുത്തിയിട്ടും പ്രയോജനം വന്നില്ല. ഇനിയെന്തു വഴി..?

 ഒന്നുകിൽ പണം കൊടുത്തു പിന്തിരിപ്പിക്കുക. അല്ലെങ്കിൽ മറ്റു രീതിയിൽ സ്വാധീനിക്കുക.
അതിനുവേണ്ടി സമർത്ഥനായ ഒരാളെ വിടാം. സമർത്ഥനായ ഉത്ബത് ബ്നു റബീഅയെ അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.

 വേണ്ട ഉപദേശങ്ങൾ നൽകി ഖുറയ്ശികൾ ഉത്ബതിനെ പറഞ്ഞയച്ചു. കാര്യം നേടുമെന്ന പ്രതീക്ഷയിൽ ഉത്ബത് പ്രവാചകനെ (ﷺ) കണ്ടു.

 “എന്തൊക്കെയുണ്ട് മുഹമ്മദ് വിശേഷങ്ങൾ..?” ഉത്ബത് വളരെ സ്നേഹഭാവത്തിൽ ചോദിച്ചു.

 “സന്തോഷം തന്നെ. ഉത്ബതിനു സുഖം തന്നെയോ..?”

 “എനിക്കു സുഖം തന്നെ.”

 “ഇപ്പോൾ ഈ വരവിനു പ്രത്യേകിച്ചു വല്ല ലക്ഷ്യവുമുണ്ടോ..?”

 “ങാ... അൽപം സംസാരിക്കണമെന്നുണ്ട്.”

 “പറഞ്ഞാളൂ...”

 “ഖുറയ്ശി നേതാക്കൾ പറഞ്ഞയച്ചിട്ടാണു ഞാൻ വന്നത്. നമ്മുടെ നാട്ടിൽ സമാധാനം നിലനിൽക്കണം. പരസ്പരം
വെറുപ്പും മത്സരങ്ങളും വേണ്ട. അതിനു താങ്കൾ ഈ പുതിയ മതപ്രവർത്തനം നിറുത്തണം. അതിനു ഞങ്ങൾ ചില വ്യവസ്ഥകൾ അംഗീകരിക്കാം.”

 “വ്യവസ്ഥകളോ, അതെന്താണ്..?”

 “താങ്കൾ എന്തു കാര്യം ആവശ്യപ്പെട്ടാലും ഖുറയ്ശികൾ അതു നിർവഹിച്ചുതരും. പറഞ്ഞോളൂ എന്തു വേണം? ധാരാളം പണം വേണമോ? തരാം. അതിസുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യണമോ? ചെയ്തുതരാം. ഇവിടെ ഒരു ഭരണാധികാരിയാകണമെന്നുണ്ടോ? ഞങ്ങൾ താങ്കളെ രാജാവായി അംഗീകരിക്കാം. ഈ പുതിയ തത്വങ്ങൾ പറഞ്ഞുനടക്കുന്നതു വല്ല അസുഖങ്ങളും പിടിപെട്ടതുകൊണ്ടാണോ? എങ്കിൽ രോഗത്തിനു ചികിത്സ നടത്താം. പറഞ്ഞോളൂ, എന്തുവേണം..?”

 ഉത്ബത് പറഞ്ഞുനിറുത്തി. പ്രതികരണത്തിനു കാത്തിരുന്നു.

 “സഹോദരാ, താങ്കൾ എന്താണു പറഞ്ഞത്? അല്ലാഹു ﷻ ഇസ്ലാം ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ കൽപിച്ചു. ഞാനതു നിർവഹിക്കുന്നു. അവൻ എനിക്കു വഹ് യ് ഇറക്കുന്നു. ദീനിനു പകരം താങ്കൾ പറഞ്ഞ സംഗതികൾ സ്വീകരിക്കണമെന്നോ? സാധ്യമല്ലതന്നെ. അല്ലാഹുﷻവിന്റെ വചനങ്ങൾ ശ്രദ്ധിക്കൂ...”

 നബിﷺതങ്ങൾ വിശുദ്ധ ഖുർആനിൽ നിന്ന് ഏതാനും ആയത്തുകൾ ഓതിക്കേൾപിച്ചു.

 എന്താണിത്..? എന്താണീ കേൾക്കുന്നത്..? ഇതു മനുഷ്യവചനങ്ങളല്ല, ഇതു കവിതയല്ല, ഇത് ഗദ്യവുമല്ല..! ഉത്ബത് കിടുകിടുത്തുപോയി. എന്തൊരു സാഹിത്യം..! എന്തൊരു കരുത്ത്..!
മനുഷ്യമനസ്സിനെ ആടിയുലക്കാൻ പോന്ന വചനങ്ങൾ..!

ഇതു വളരെ മഹത്തായതാണെന്നു ഖുറയ്ശികളോടു പറയണം. അവരും ഇതു വന്നു കേൾക്കട്ടെ. ഇതുൾക്കൊള്ളട്ടെ. ഇതുവരെ മുഹമ്മദിനെപ്പറ്റി പറഞ്ഞതൊന്നും ശരിയല്ല. അതു ഖുറയ്ശികൾ അറിയട്ടെ..!

 ഉത്ബത് പെട്ടെന്നു മടങ്ങിപ്പോയി.
ഖുറയ്ശികൾ കാത്തിരിക്കുകയായിരുന്നു. ഉത്ബതിനെ കണ്ടപ്പോൾത്തന്നെ ഖുറയ്ശികളുടെ ആവേശം തണുത്തു. പോയ മുഖഭാവവുമായിട്ടല്ല മടങ്ങിവരുന്നത്...

 “ഖുറയ്ശി സഹോദരന്മാരേ..! ഞാൻ പറയുന്നത് വിശ്വസിക്കൂ. മുഹമ്മദ് പാരായണം ചെയ്യുന്നതു കവിതയല്ല. അതിനേക്കാൾ വളരെ മഹത്തായതാണ്. മുഹമ്മദിനെ വെറുതെവിട്ടേക്കൂ..!”

 “നീയൊരു ബുദ്ധിമാനാണെന്നു കരുതിയാണു നിന്നെ പറഞ്ഞയച്ചത്. നീയൊരു മണ്ടനായിപ്പോയല്ലോ. അവന്റെ വാക്കുകളിൽ നീ കുടുങ്ങിപ്പോയല്ലോ. പാവം...”

 ബുദ്ധിമാനായ ഉത്ബത്തിനെ ഖുറയ്ശികൾ തള്ളിക്കളഞ്ഞു. തങ്ങൾ സ്വീകരിച്ച രണ്ടു മാർഗങ്ങളും വിജയിച്ചില്ല. ഇനി ശക്തിയുടെ മാർഗം മാത്രമേ ബാക്കിയുള്ളൂ.

 ഇസ്ലാംമതം സ്വീകരിക്കുന്നവരെ ശക്തികൊണ്ടു നേരിടുക. ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിച്ചവരെ തകർത്തു തരിപ്പണമാക്കാൻ ഖുറയ്ശി പ്രമുഖന്മാർ പദ്ധതികൾ തയ്യാറാക്കി.

 അബുൽ ഹകം എന്നു പേരുള്ള അബൂജഹ്ൽ. കുപ്രസിദ്ധനായ നേതാവ്. സത്യവിശ്വാസികളെ അടിച്ചൊതുക്കാനുള്ള ഒരുക്കം.
മർദനത്തിന്റെ നാളുകൾ വരവായി.
chapter 36

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ