Recently

Story of Muhammad Nabi ﷺ (Part 37)


   ബിലാൽ ബ്നു റബാഹ്... അബ്സീനിയക്കാരനായ അടിമ. നല്ല സ്വരമാണ്. കേട്ടുനിന്നുപോകും. ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫിന്റെ അടിമയായി ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എത്ര ജോലിചെയ്താലും മർദനം. പിന്നെ തെറിവിളി. മടുത്തു...

 അപ്പോഴാണ് ആ സുന്ദര ശബ്ദം കേട്ടത്. ഏകനായ അല്ലാഹുﷻവിലേക്കുള്ള ക്ഷണം. ഈ ലോകത്തുവച്ചു ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്ന പരലോകത്തെക്കുറിച്ചുള്ള അറിവ്. അത്ഭുതം തോന്നി.

 പ്രവാചകന്റെ (ﷺ) മുഖം കണ്ടു. നോക്കിനോക്കി നിന്നു. ഇത് സത്യത്തിൽ അല്ലാഹുﷻവിന്റെ റസൂൽ തന്നെ. ഒരു സംശയവുമില്ല. ബിലാൽ തന്റെ യജമാനനെ മറന്നു. ബിംബാരാധകരെ മറന്നു. അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ചു. വിശ്വാസം കുറെനാൾ രഹസ്യമായി വച്ചു. പിന്നെ രഹസ്യം ചോർന്നുപോയി...

 ഉമയ്യത്ത് ബ്നു ഖലഫ് തന്റെ അടിമയെ പിടികൂടി. “ഇസ്ലാംമതം കൈവെടിയണം. ഞാനാണ് കൽപിക്കുന്നത്, നിന്റെ യജമാനൻ.”

 “യജമാനൻ കൽപിക്കുന്ന എന്തു ജോലിയും ഞാൻ ചെയ്യുന്നുണ്ട്. വിശ്വസ്തനായ അടിമയാണു ഞാൻ. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു. അല്ലാഹുﷻവിന്റെ റസൂലിലും. എന്നെ വെറുതെ വിട്ടേക്കൂ..! എന്റെ വിശ്വാസം കൊണ്ടു നിങ്ങൾക്കൊരു നഷ്ടവും വരില്ല, തീർച്ച."

 “എടാ ധിക്കാരീ..! നിന്റെ വിശ്വാസം ഞാൻ തകർക്കും. നീ ഇസ്ലാം ദീൻ വിശ്വസിക്കാൻ പാടില്ല. നീലാത്തയിൽ വിശ്വസിക്കണം. തയ്യാറുണ്ടോ?”

 “ഏകനായ അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു.”

 “പാടില്ല. നീ ബിംബങ്ങളിൽ വിശ്വസിക്കണം.”

 “ഞാൻ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു.''

 മർദനം. ശരീരമാസകലം മർദനം. ക്ഷീണിച്ചവശനായി താഴെവീണു. അപ്പോൾ ചോദ്യം. “നീ മടങ്ങാൻ തയ്യാറുണ്ടോ..?”

 “അല്ലാഹു അഹദ്. അല്ലാഹു അഹദ്' അല്ലാഹു ഒരുവൻ.

 കൂരന്മാർ ബിലാലിനെ വലിച്ചിഴച്ചു കൊണ്ടുപോയി. നട്ടുച്ച നേരം. മണൽക്കാടു ചുട്ടുപൊള്ളുന്നു. ബിലാലിന്റെ ശരീരത്തിലെ വസ്ത്രങ്ങൾ പറിച്ചെറിഞ്ഞു. ആ
മനുഷ്യശരീരം പതയ്ക്കുന്ന മണലിൽ മലർത്തിക്കിടത്തി. കിടന്നു പുളയാൻ തുടങ്ങി പുഴുവിനെപ്പോലെ...

“അനങ്ങാതെ കിടക്കെടാ..!”- ക്രൂരമായ കൽപന.

 വലിയ കല്ലുകൾ കൊണ്ടുവന്നു. അവ ബിലാലിന്റെ മാറിൽ കയറ്റിവച്ചു. ഭാരംകൊണ്ട് അനങ്ങാൻ വയ്യ. ശരീരം ചുട്ടുപൊള്ളുന്നു. മരുഭൂമിയിൽ കരിഞ്ഞ മാംസത്തിന്റെ ഗന്ധം പരന്നു. ആരോഗ്യവാനായ ബിലാൽ തളരുന്നു. അല്ലാഹു അഹദ്... അല്ലാഹു അഹദ്...

 മർദനം കാണാൻ ധാരാളമാളുകൾ കൂടിയിട്ടുണ്ട്. അവർ മർദകരെ പ്രോത്സാഹിപ്പിക്കുന്നു. ആ ജനക്കൂട്ടത്തിനിടയിലേക്ക് ഒരാൾ തിക്കിത്തിരക്കി കടന്നുവരുന്നു. അബൂബക്കർ(റ) ഈ മർദനം കണ്ടു സഹിക്കാനാവുന്നില്ല...

ഉമയ്യത്തിനെ സമീപിച്ചു ചോദിച്ചു: “ഈ അടിമയെ എനിക്കു വിൽക്കുമോ..?”

“വിൽക്കാം, നല്ല വില തരണം.''

 “വില പറഞ്ഞോളൂ”

 വില പറഞ്ഞു. കച്ചവടം ഉറപ്പിച്ചു. ബിലാലിനെ വിലയ്ക്കു വാങ്ങി. ഇപ്പോൾ ബിലാൽ (റ) അബൂബക്കർ(റ)വിന്റെ അധീനതയിലാണ്.

 “ബിലാൽ, താങ്കൾ ഇന്നുമുതൽ അടിമയല്ല. താങ്കളെ ഞാൻ സ്വത്രന്തനാക്കിയിരിക്കുന്നു..!”

 അൽഹംദുലില്ലാഹ്...☝🏼
സർവ സ്തുതിയും അല്ലാഹുﷻവിനാകുന്നു. ഈ സൽകർമത്തിനു മതിയായ പ്രതിഫലം അല്ലാഹു ﷻ നൽകട്ടെ...

 ബിലാലിന് ഇസ്ലാം മതത്തിൽ ഉന്നത സ്ഥാനമുണ്ട്. നബിﷺതങ്ങളുടെ മുഅദ്ദിൻ എന്ന പേരിൽ ബിലാൽ (റ)
അറിയപ്പെട്ടു.
chapter 38

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ