Recently

Story of Muhammad Nabi ﷺ (Part 42)


   അല്ലാഹു ﷻ ഏൽപിച്ച ദൗത്യം. എന്തു പ്രതിബന്ധമുണ്ടെങ്കിലും ധീരമായി മുന്നേറുക... സഹിക്കുക, ക്ഷമിക്കുക...

 നബിﷺതങ്ങൾ ആദ്യം രഹസ്യമായും പിന്നീടു പരസ്യമായും ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു...

 ഇസ്ലാംമതം സ്വീകരിച്ചവരെ ശ്രതുക്കൾ കഠിനമായി മർദിച്ചുകൊണ്ടുമിരുന്നു. മർദനം ദുസ്സഹമായിരുന്നു.

 ഉസ്മാനുബ്നു അഫ്ഫാൻ ഇസ്ലാംമതം സ്വീകരിച്ചപ്പോഴും മർദിക്കപ്പെട്ടു. പ്രസിദ്ധനായ കച്ചവടക്കാരനാണ്. ധനികനും ഉദാരനും. സ്വാധീനമുള്ള ചെറുപ്പക്കാരൻ. എന്നിട്ടുപോലും രക്ഷയില്ല.

 നബി ﷺ തങ്ങളുടെ രണ്ടു പുത്രിമാരെ അബൂലഹബിന്റെ രണ്ടു മക്കൾ വിവാഹം കഴിച്ചിരുന്നല്ലോ.

 “തബ്ബത് യദാ അബീ ലഹബ്..." അബൂലഹബിന്റെ രണ്ടു കരങ്ങൾ നശിച്ചു. ഇങ്ങനെ തുടങ്ങുന്ന സൂറത്ത് ഇറങ്ങിയപ്പോൾ അബൂലഹബ് തന്റെ പുത്രന്മാരോടു പറഞ്ഞു: “മക്കളേ.., മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം നടത്തുക” ഉത്ബയും ഉതയ്ബയും പ്രവാചക പുത്രിമാരെ ഉപേക്ഷിച്ചു..!!

 റുഖിയ്യയും ഉമ്മുകുൽസൂമും വിവാഹമോചിതരായി. ഉതയ്ബ ഒരു കടുംകൈ കൂടി ചെയ്തു. അയാൾ
നബിﷺയോടു പറഞ്ഞു: “മുഹമ്മദേ, നിന്റെ മതത്തെ ഞാൻ നിരാകരിക്കുന്നു. നിന്റെ മക്കളെ ഞാൻ ഉപേക്ഷിക്കുന്നു.” പിന്നെ
ദുഷ്ടൻ തിരുമേനിﷺക്കു നേരെ ആഞ്ഞു തുപ്പി..!

 അബൂലഹബ് എല്ലാം കണ്ടുനിൽക്കുകയാണ്. ഉത്ബയുടെ പ്രവൃത്തി നബിﷺയെ പ്രകോപിപ്പിച്ചു. അവിടുന്നു (ﷺ) പറഞ്ഞു
പോയി: “നിന്നെ നരി പിടിക്കും..!!”

 തിരുവചനമല്ലേ, പുലരും... അബൂലഹബും മകനും പരിഭാന്തരായി. എന്തു കാര്യം..? സിറിയയിലേക്കുള്ള ഒരു കച്ചവട സംഘത്തോടൊപ്പം യാത്ര ചെയ്യവെ സുഹൃത്തുക്കൾക്കു നടുവിൽ കിടന്നുറങ്ങുകയായിരുന്നു. ഒരു നരി മണംപിടിച്ചു വന്നു ഉത്ബയെ കടിച്ചുകൊന്നു..!

 റുഖിയ്യ(റ)യെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുക്കുവാൻ നബിﷺതങ്ങൾ തീരുമാനിച്ചു. ഖദീജ(റ)ക്കും മറ്റു കുടുംബാംഗങ്ങൾക്കും അത് ഇഷ്ടമായിരുന്നു...

 ഉസ്മാൻ (റ) അതൊരു വലിയ പദവിയായിട്ടാണു കരുതിയത്. ആ വിവാഹം നടന്നു. ഉസ്മാൻ(റ)വും റുഖിയ്യ(റ)യും സന്തോഷം നിറഞ്ഞ ദാമ്പത്യം നയിച്ചുവന്നു...

 അവരുടെ സന്തോഷത്തിൽ ദുഃഖം കലർന്നിരുന്നു. ഈ വിവാഹം ഖുറയ്ശികൾ ഇഷ്ടപ്പെട്ടില്ല. ഉസ്മാൻ (റ) ഇസ്ലാം സ്വീകരിച്ചതു തന്നെ സഹിക്കാൻ വയ്യ. കൂട്ടത്തിൽ മുഹമ്മദിന്റെ മകളെ വിവാഹം നടത്തുകയും ചെയ്തു.

 റുഖിയ്യ (റ) ഗർഭിണിയായി. മാതാപിതാക്കളുടെ പരിചരണം വളരെയേറെ ആവശ്യമുള്ള സന്ദർഭം. വീട്ടിൽ നിറുത്താൻ ധൈര്യമില്ല. ശത്രുക്കൾ ഗർഭിണിയെ ഉപദ്രവിക്കുമെന്ന ഭീതി..!

 “നമുക്ക് ഇന്നാടു വിട്ടുപോകേണ്ടതായി വരും” ഉസ്മാൻ (റ) ഭാര്യയോടു സ്വകാര്യം പറഞ്ഞു.

 മകൾ ഉമ്മയോടു പറഞ്ഞു. ഉമ്മ നബി ﷺ തങ്ങളോടു പറഞ്ഞു. എല്ലാവരും ദുഃഖിതരാണ്. റുഖിയ്യ(റ)യുടെ കാര്യം എല്ലാവരെയും ആശങ്കാകുലരാക്കി. മർദനം സഹിക്കവയ്യാതായപ്പോൾ ഏതാനും സ്വഹാബികൾ നാടുവിടാൻ സന്നദ്ധരായി. അവരുടെ കൂട്ടത്തിൽ ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും പോകാൻ തീരുമാനിച്ചു.
chapter 43

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ