Recently

Story of Muhammad Nabi ﷺ (Part 45)


   ഒരു മല്ലന്റെ കഥയാണിത്. മല്ലയുദ്ധത്തിൽ പേരെടുത്ത ആൾ.
മക്കക്കാർക്കു സുപരിചിതൻ. പേര് റുക്കാന. ജോലി ഗുസ്തി...

 നല്ല ആരോഗ്യവാന്മാരും മെയ് വഴക്കം വന്നവരും റുക്കാനയെ വെല്ലുവിളിക്കും. റുക്കാന വെല്ലുവിളി സ്വീകരിക്കും. അതോടെ ജനശ്രദ്ധയാകർഷിക്കും. ആകാംക്ഷ പരക്കും. ജനം ഉൽക്കണ്ഠയോടെ കാത്തിരിക്കും. ഗുസ്തിയുടെ സമയം വരുമ്പോൾ കണക്കില്ലാത്ത ജനം വന്നുചേരും...

 പോർവിളി ഉയരുകയായി. കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ചിരിക്കും. നിമിഷങ്ങൾക്കകം ഗുസ്തി തുടങ്ങും.
ജനം നോക്കിനിൽക്കെ റുക്കാന എതിരാളിയെ എടുത്തെറിയും. പ്രതിയോഗി നിലംപരിശായി. റുക്കാന വിജയം വരിക്കുന്നു...

 ജനം ആർത്തു ചിരിക്കുന്നു. ആഹ്ലാദത്തിന്റെ ആരവം. റുക്കാനയെ തോൽപിക്കാനാവില്ല. ഒരു മല്ലനും റുക്കാനയോടു വിജയിക്കില്ല. മക്കക്കാർ അങ്ങനെ വിശ്വസിച്ചു.

 ഒരു ദിവസം നബിﷺതങ്ങൾ ഒരു മലഞ്ചരിവിലൂടെ നടന്നുവരികയായിരുന്നു. മനം നിറയെ ചിന്തകൾ, വിനയം നിറഞ്ഞ
മുഖം. പതിയെ നടക്കുന്നു...

 എതിർ ദിശയിൽ നിന്നു മറ്റൊരാൾ നടന്നുവരുന്നു. ഗുസ്തിക്കാരൻ റുക്കാന. ആ നടപ്പു തന്നെ കാണണം. നെഞ്ചു വിരിച്ചു നീണ്ട കൈകൾ വീശി അങ്ങനെ പോരാളിയെപ്പോലെ നടന്നുവരികയാണ്.

 റുക്കാന നടന്നുവരുന്ന വഴിയിൽ ആരും നിൽക്കില്ല. പെട്ടെന്നു മാറിക്കളയും. റുക്കാന അടുത്തെത്തി. മുഖത്തു ധിക്കാരഭാവം. പ്രവാചകൻ ﷺ മല്ലന്റെ മുഖത്തേക്കു നോക്കി മന്ദഹസിച്ചു.
മല്ലൻ തികഞ്ഞ ഗൗരവത്തിൽ തന്നെ...

 നബിﷺതങ്ങൾ വിനയത്തോടെ സംസാരിക്കാൻ തുടങ്ങി. “റുക്കാന, താങ്കൾ അല്ലാഹുﷻവിനെ ഭയപ്പെടുക. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാണെന്നു താങ്കൾ സാക്ഷ്യം വഹിക്കുക...”

 റുക്കാന ഗൗരവത്തിൽ തന്നെ സംസാരിച്ചു. അൽപനേരത്തെ സംവാദം. സംവാദം ഗുസ്തിയിലെത്തി എന്നു പറഞ്ഞാൽ മതിയല്ലോ...

 “ഞാൻ ഗുസ്തി പിടിക്കാം. തയ്യാറുണ്ടോ..?”  - നബിﷺചോദിച്ചു...

“ശരി..! ഗുസ്തിക്കു തയ്യാർ” - റുക്കാന പ്രഖ്യാപിച്ചു...

 “ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും നിങ്ങൾ സാക്ഷ്യം വഹിക്കുമോ..?” -നബിﷺതങ്ങൾ ചോദിച്ചു.

 “ഗുസ്തിയിൽ താങ്കൾ ജയിക്കുകയാണെങ്കിൽ ഞാൻ
സാക്ഷ്യം വഹിക്കാം.” - റുക്കാന പ്രഖ്യാപിച്ചു.

 പ്രവാചകനും (ﷺ) റുക്കാനയും തമ്മിൽ ഗുസ്തി..! കേട്ടവർക്കെല്ലാം അതിശയം, ശ്രതുക്കൾക്കു തമാശ...

 ആളുകൾ കൂടി. ഗോദ ഒരുങ്ങി. മൽപിടുത്തം തുടങ്ങി. പ്രതിയോഗികൾ ഏറ്റുമുട്ടി...

 ഇതു വിചാരിച്ചതുപോലെയല്ല. അൽഅമീൻ ചില്ലറക്കാരനല്ലല്ലോ..! നല്ല മല്ലൻ തന്നെ, ശക്തൻ. നിമിഷങ്ങൾ കടന്നുപോയി. അൽഅമീൻ തകർന്നുവീഴുന്നതു കാണാൻ ശ്രതുക്കൾ കാത്തിരുന്നു...

 ആഹ്ലാദിക്കാനും പൊട്ടിച്ചിരിക്കാനും കാത്തിരുന്നവർ ഞെട്ടിപ്പോയി.
റുക്കാന മലർന്നിടിച്ചു വീണുകിടക്കുന്നു..!!

 വീണുകിടന്നേടത്തുനിന്ന് എഴുന്നേറ്റു റുക്കാന് പറഞ്ഞു: “ഒരു പരാജയം. അതു സാരമില്ല. ഒരിക്കൽകൂടി ഗുസ്തിക്കു തയ്യാറുണ്ടോ..? ഈ വെല്ലുവിളി സ്വീകരിക്കാമോ..?”

 “ഒരിക്കൽകൂടി ആവാം.” - നബിﷺതങ്ങൾ സമ്മതിച്ചു.

 വീണ്ടും ഗുസ്തി. ശക്തമായ ഏറ്റുമുട്ടൽ. ശതുക്കൾ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. വീണ്ടും ഞെട്ടൽ. റുക്കാന വീണ്ടും തളർന്നുവീണു..!!

 “ഈ പരാചയം കാര്യമാക്കേണ്ട,   ഒരിക്കൽകൂടി ഗുസ്തിക്കു
തയ്യാറുണ്ടോ..?” - റുക്കാന ഉച്ചത്തിൽ വിളിച്ചുചോദിച്ചു...

 “ഞാൻ തയ്യാർ” - നബിﷺതങ്ങൾ സമ്മതിച്ചു.

 മൂന്നാം തവണയും ഏറ്റുമുട്ടി. ഉഗ്രമായ ഗുസ്തി. ആളുകൾ നോക്കിനിന്നു. റുക്കാന വീണ്ടും പരാജയപ്പെട്ടു. ഇത്തവണ റുക്കാന നിശബ്ദനായി...

 “റുക്കാനാ... നിങ്ങൾ സത്യസാക്ഷ്യം വഹിക്കുന്നില്ലേ..?” - നബി ﷺ ചോദിക്കുന്നു.

 റുക്കാനയുടെ ചുണ്ടുകൾ ചലിച്ചു: “ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചുകൊള്ളുന്നു.”

 റുക്കാന (റ) എന്ന മല്ലയുദ്ധവീരൻ ഇസ്ലാമിന്റെ വിനീതിനായ അനുയായി ആയിത്തീർന്നു.
chapter 46

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ