Recently

Story of Muhammad Nabi ﷺ (Part 47)



   ഉമർ ഫാത്വിമയുടെ വീടിനടുത്തത്തി. അകത്തുനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ശ്രദ്ധിച്ചു. വിശുദ്ധ ഖുർആൻ പാരായണം.

കോപത്തോടെ വാതിലിൽ മുട്ടി "വാതിൽ തുറക്കൂ..!”

 ഫാത്വിമക്കു കാര്യം മനസ്സിലായി. ഖുർആൻ എഴുതിയ ഏട് ഒളിപ്പിച്ചുവച്ചു. വാതിൽ തുറന്നു.

 “നിങ്ങൾ മുഹമ്മദിന്റെ മതത്തിൽ ചേർന്നുവോ..?” അതും ചോദിച്ചുകൊണ്ടു സഈദിനെ ആക്രമിച്ചു. ഫാത്വിമ ഇടയിൽ ചാടിവീണു. ഫാത്വിമ(റ)ക്കും അടികിട്ടി. നെറ്റി പൊട്ടി രക്തം ഒലിച്ചു. കണ്ണീരും വിയർപ്പും രക്തത്തുള്ളികളും ഒന്നു ചേർന്നു.

ഫാത്വിമയുടെ മുഖം മാറി. ഉമറിനെ തുറിച്ചുനോക്കി. താൻ കണ്ടുപരിചയിച്ച ഫാത്വിമയല്ലല്ലോ ഇത്. ഇതാ ഒരു ധീരവനിത. ഫാത്വിമ സംസാരിച്ചു: “ഉമർ..! ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇനി
ഒരു ശക്തിക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം.” ധീരമായ പ്രഖ്യാപനം.

 ഉമർ ഞെട്ടി. ഇത്ര ശക്തമാണോ ആ വിശ്വാസം. ഉമർ തളരുകയാണ്. “ഫാത്വിമാ... എന്താണു നിങ്ങൾ വായിച്ചുകൊണ്ടിരുന്നത്. എന്നെക്കൂടി കാണിക്കൂ..! ഞാനതൊന്നു വായിക്കട്ടെ.” ചഞ്ചലനായ ധീരൻ...

 “കുളിച്ചു ശുദ്ധിയായി വരൂ..!”

 ഉമർ പോയി കുളിച്ചു ശുദ്ധിയായി വന്നു. ഏട് കയ്യിൽ വാങ്ങി. ആയത്തുകൾ ഓതാൻ തുടങ്ങി. മനസ്സിലേക്കു തൗഹീദിന്റെ പ്രകാശം ശക്തമായി കടന്നുവരുന്നു.

 ഉമറിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി, അല്ലാഹുﷻവിന്റെ വചനങ്ങൾക്ക് എന്തൊരു വശ്യത..! വായിക്കുന്തോറും വിശ്വാസം ശക്തമാകുന്നു...

 “ഫാത്വിമാ... എവിടെയാണു പ്രവാചകൻ..? എനിക്കൊന്നു കാട്ടിത്തരൂ..! ആ മുഖമൊന്നു കാണണം. ഉപദേശം കേൾക്കണം...”

 ഉമർ ആകെ മാറിപ്പോയി. അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും വിശ്വസിച്ചുകഴിഞ്ഞു...

 “പ്രവാചകൻ ദാറുൽ അർഖമിലാണുള്ളത്. നമുക്ക് അങ്ങോട്ടു പോകാം.”

 വികാരഭരിതമായ മനസ്സുമായി ഉമർ നടന്നു. അകലെ അർഖമിന്റെ വീടു കാണാം. അവിടെയാണു പ്രവാചകൻ. കൂടെ സത്യ വിശ്വാസികളും. അങ്ങെത്താൻ ധൃതിയായി. നടത്തത്തിനു വേഗം കൂടി...

 ദാറുൽ അർഖമിൽ ഇരിക്കുന്നവർ ആ കാഴ്ച കണ്ടു. ഉമർ ധൃതിയിൽ വരുന്നു. കയ്യിൽ വാളുമുണ്ട്. ഹംസ (റ) എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചു: “ഉമർ നല്ല ഉദ്ദേശ്യവുമായിട്ടാണു വരുന്നതെങ്കിൽ കൊള്ളാം. കുഴപ്പത്തിനാണു വരുന്നതെങ്കിൽ ആ വാളുകൊണ്ടുതന്നെ ഞാനവന്റെ കഥ കഴിക്കും...”

 ഉമർ വാതിൽക്കലെത്തി. പ്രവാചകൻ ﷺ അടുത്തേക്കു ചെന്നു. വസ്ത്രത്തിൽ പിടിച്ചുകൊണ്ടു ചോദിച്ചു: “എന്ത് ഉദ്ദേശ്യത്തിലാണ് ഈ വരവ്..?”

 “ഇസ്ലാം സ്വീകരിക്കാൻ”

 നബി ﷺ തങ്ങൾ ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. സത്യവിശ്വാസികൾ ആഹ്ലാദപൂർവം തക്ബീർ മുഴക്കി.
“അല്ലാഹു അക്ബർ...
അല്ലാഹു അക്ബർ...”

 ഹംസ(റ) ഇസ്ലാംമതത്തിൽ വന്നതിന്റെ മൂന്നാംദിവസമാണ് ഈ സംഭവം...

 “അല്ലാഹുﷻവിന്റെ റസൂലേ നാം സത്യദീനിന്റെ അനുയായികളല്ലേ? ഇസ്ലാം പരസ്യമായി പ്രചരിപ്പിക്കണം. നമുക്കു കഅ്ബയുടെ അടുത്തേക്കു പോകാം.”

 ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. രണ്ടുവരിയായി അവർ പുറപ്പെടുന്നു. ഒരു വരിയുടെ മുമ്പിൽ ഹംസ(റ). മറ്റേ വരിയുടെ മുമ്പിൽ ഉമർ(റ). സത്യവിശ്വാസികൾ നീങ്ങി. തക്ബീർ ധ്വനികൾ മുഴങ്ങി. അവർ കഅ്ബാലയത്തിനടുത്തെത്തി. ശിർകിന്റെ ശക്തികൾ പകച്ചുനോക്കുകയാണ്. അവർക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം...

 മുഹമ്മദിന്റെ തലയെടുക്കാൻ പോയആൾ, ആ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായി തിരിച്ചുവന്നിരിക്കുന്നു.
ഇതെന്തൊരതിശയം..! ഖുറയ്ശികൾ പരസ്പരം നോക്കി...

 ഇതേവരെ സ്വീകരിച്ച മാർഗങ്ങൾ പോര. മക്കയുടെ യുവത്വങ്ങളാണു മുഹമ്മദിന്റെ ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്നത്. എങ്ങനെ നേരിടും..?

 ഖുറയ്ശികളുടെ മനസ്സിൽ വെപ്രാളം. അപ്പോഴും തക്ബീർ ധ്വനികൾ കാതുകളിൽ അലയടിക്കുന്നു.
അല്ലാഹു അക്ബർ...
അല്ലാഹു അക്ബർ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ